Sunday, March 3, 2013

പറഞ്ഞു വരുന്നത് ..




പറഞ്ഞവസാനിപ്പിച്ച
വാക്കിന്‍ കൂട്ടങ്ങളില്‍
കുടുങ്ങാതെ
തുടങ്ങാത്ത ഒന്ന്
എപ്പോഴും ഇടം കാത്തു നില്‍പ്പുണ്ടാവും . .
അര്‍ദ്ധ പ്രജ്ഞയില്‍
പേക്കിനാവില്‍
നിരന്തരം ഇടമുറിയാതെ പെയ്യുന്നുണ്ടാവും
പ്രാപ്പിടിയന്‍റെ കണ്ണിലെ തീപ്പൊരി പോലെ
പേമാരിക്കലമ്പല്‍ പോലെ
ചീഞ്ഞ പൂവിലെത്തുള്ളിയുടെ
നിസ്സഹായത പോലെ

പറയാത്ത ഒരു വാക്ക്
എപ്പോഴും ശ്വാസം മുട്ടി നില്‍പ്പുണ്ടാവും
ഇടയ്ക്ക് നിശ്വാസത്തുമ്പില്‍ നിന്നും
ചാടി മരിക്കാന്‍ വെമ്പി
ഇടയില്‍ മിഴികോണിന്‍റെയാഴമായ് തുളുമ്പി

മാന്ത്രികപ്പരവതാനിയും നോക്കി
കാലത്തിനപ്പുറത്തേക്ക് തിരിയുന്ന
ഒരു ഘടികാര സൂചിയുടെ
നിഴല്‍ത്തിരിച്ചില്‍. . .

പറയാതെ പോയ വാക്ക്
എപ്പോഴും
ഒരു മഴയും കാത്തു
കുടയില്ലാതെ
നില്‍പ്പുണ്ടാവും . . .

ചിന്നമ്മിണിയും കളര്‍ ചെരിപ്പുകളും




ചുവന്ന ചെരുപ്പിട്ടാണ്
അന്ന് ചിന്നമ്മിണി ക്ലാസ്സില്‍ പോയത് .
കൊടിനിറം കാലിലിട്ടെന്നും പറഞ്ഞു
ക്ലാസീന്ന് പുറത്താക്കി .

ചാണകം ചവിട്ടാതെ ,
വയല്‍ച്ചെളി പറ്റാതെ
വീട്ടിലെത്തിച്ച്
ഭദ്രമായി കെട്ടിപ്പൂട്ടിക്കുഴിച്ചിട്ടു.

പിറ്റേന്ന് ,
ബൂട്സിന്‍റെ ചടപട കേട്ടാണ്
ചിന്നമ്മിണി ഉണര്‍ന്നത് .
പോയി നോക്ക്യപ്പോ...

"ന്‍റെ മുത്തപ്പാ ..."!!!!!!


ചെരുപ്പ് ചീഞ്ഞു മുളച്ചിരിക്കുന്നു ,
മല പോലെ ഒരു മാമരം .
പൂക്കള്‍ക്ക് കാവല്‍ വിഷ നാഗങ്ങള്‍ ..
മുരിങ്ങക്കാ പോലെ തൂങ്ങിയാടുന്നതെന്താ ..?
വടിവാളല്ലേ...????

പച്ച ചെരുപ്പിടാതിരുന്നത്
എത്ര നന്നായി ....!!!!!!!

ഗീതായനം



കൊടിക്കൂറയില്‍ ഭൂതകാലത്തിന്‍റെ
പടം വരച്ച്
ഞാനും ഞാനും തേരില്‍ .

പിന്നോട്ടിരമ്പുന്ന
കാലാള്‍ക്കൂട്ടം.
പരസ്പരം ചക്ര വ്യൂഹം തീര്‍ത്ത്
ചോദ്യ ശരങ്ങളെയ്തു
പ്രയാണം..

യുഗാന്ത്യത്തോളം ചെന്നിട്ടും
ആര്‍ക്കുമില്ല ജയം . .

കൊടിശ്ശീലയില്‍
ജീവന്‍റെ ചുവപ്പ് ..

"എന്തൊക്കെയോകളുടെ എന്തൊക്കെയോ "




പതിവിലുമേറെ തണുപ്പ്
ഒരു സൂചികയാണ്.
മുറുകാതെ പോയ ഒരാലിംഗനത്തിന്‍റെ,
ഒരു പക്ഷിക്കരച്ചിലിന്‍റെ വക്കില്‍
അറിയാതെ തൂവിപ്പോവുന്ന പരിവേദനങ്ങളുടെ
പരല്‍കണ്ണുകളില്‍
നിറയാതെ തുളുമ്പുന്ന നിസ്സഹായതയുടെ ..
കാല്‍ച്ചുവടു ചോര്‍ന്നു പോവുന്നവന്‍റെ
ഉള്ളിലുറയുന്ന ചോദ്യ ചിഹ്നങ്ങളുടെ.
മുടിയിഴകളില്‍ കാലം തുന്നി ചേര്‍ക്കുന്ന
ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രങ്ങളുടെ .
തൊണ്ടയില്‍ കുരുങ്ങി നിലവിളിക്കുന്ന
കുത്തഴിഞ്ഞ വാക്കുകളുടെ
പീടികത്തിണ്ണയില്‍ മഴ പാറ്റി വെളുക്കുന്ന
നേര്‍ത്ത ശ്വാസ വേഗങ്ങളുടെ .
ഒറ്റയിലത്തുമ്പില്‍ മഴവില്ല് വിളമ്പി വച്ച്
ഗ്രീഷ്മം നോറ്റിരിക്കുന്ന തീരാത്ത കാത്തിരിപ്പുകളുടെ ....

പകുതികളില്‍ പറഞ്ഞുവെയ്ക്കപ്പെടുന്നത് പ്രണയമല്ലാതെന്താകുന്നു...




പ്രണയത്തിന്‍റെ കടലാഴങ്ങളിലേക്ക്
എത്ര പെട്ടെന്നാണല്ലേ
നമ്മള്‍ പരസ്പരം
കൂട്ട് പോയത്.

നിന്‍റെ,യെന്‍റെയെന്നില്ലാതെ
ആഴങ്ങള്‍ നമുക്കധീനപ്പെട്ടത്‌ .

ഓരോ നുരചിന്തലില്‍ ചെറു  കടലൊളിപ്പിച്ച്. .
അന്തിമാനത്തോളം ചുവന്ന്..

എന്‍റെ കണ്‍പീലികളില്‍
നിന്‍റെയധരമൊരു കവിയാകുന്നു .
വിരലുകള്‍ക്കിടയില്‍ ഇക്കിളിയിട്ട്
ചെറുമീന്‍ കുഞ്ഞുങ്ങള്‍ ..
പാഞ്ഞു പരന്ന് ,
ഒളി കണ്ണെറിഞ്ഞു,
മേലെ നരച്ച നീലിമ .

കാലമേ...
ഒച്ചിഴയുന്ന പോലെ പോവുക..
പായ്ക്കപ്പല്‍ ചീന്തിലെ
ജലധാര പോലെയീ
ചീറ്റി ചിതറും
പ്രണയ പ്രവാഹത്തില്‍ -
പ്പതഞ്ഞുരുകിതീരട്ടെ  ഞാന്‍ ..

കവിത വഴുക്കുന്ന നേരങ്ങള്‍.




ഒടുവില്‍ ..
ഞാനത് തീരുമാനിച്ചു
കവിതയില്‍ മുങ്ങിച്ചാവാം..
ചാടി.
ആസിഡ് വീണ പോലെ
തൊലി നന്നായി പൊള്ളിയെന്നല്ലാതെ
കവിതയ്ക്ക് കൊല്ലാന്‍
കഴിയുമായിരുന്നില്ല.

കവിത
കരിച്ചു പിരിച്ച്
കയറാക്കി മുറുക്കിയപ്പോ
കഴുത്തില്‍ വീണത്‌  വനമാല !!!!!

കവിത കൊണ്ട്
കൈ ഞരമ്പ്‌ കീറി .
പാമ്പിന്‍ നെയ്യ്  പോലെ
മുറികൂടി ഒഴുകി വരുന്നു
പുതു  കവിത ..!!

ഒടുവില്‍ സിരയിലേക്ക്
കുത്തി വെച്ച ഡോസ്
ശലഭച്ചിറകുകള്‍ മുളപ്പിച്ച് അനന്തതയിലേക്കു-
യരം വെക്കാന്‍ വെമ്പിച്ചിണുങ്ങുന്നതും
നോക്കിയന്തം വിട്ടിതാ കുന്തിച്ചിരിക്കുന്നു     ..!!!!

ഫറോക്കമ്മായി





അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുടാനൊന്നും
അമ്മായിക്കിതു വരെ നേരം കിട്ടീട്ടില്ല
എന്നാല് അപ്പത്തിനിതു വരെ
മുട്ട് വന്നിട്ടുണ്ടോ ,അതും ഇല്ല !
നാട്ടുകാരുടെ നേരം പോക്കലാണ്
മൂപ്പത്തിക്ക് നേരം പോക്ക് !
അരിക്കും മുളകിനും വില കൂടുമ്പോ പോലും ഇല്ലാത്ത സങ്കടം
മുല്ലപ്പൂവ് കിട്ടാനില്ലാതെയാവുന്നതിലാണ്,അമ്മായിക്ക്
പണ്ടത്തെപ്പോലെ കിളിര്‍ക്കുന്നില്ല മുടി,യെന്നാലും
ഇന്ദുലേഖേം ചന്ദ്രലേഖേം ഒക്കെ സമാധാനം തന്ന്യാണേ!

കടും നിറക്കൂട്ടുകളത്രേ അമ്മായിക്ക് പ്രിയം!!!!!!

ഓലച്ചായ്പ്പില്‍ കണ്ണീര്‍ വിശപ്പിന്‍റെ മേലെ
ഗോപുരം പണിഞ്ഞപ്പോഴായിരുന്നില്ല,
സുലോചന നാട്ടുകാര്‍ക്ക് അമ്മായി ആയത്
താലിപ്പൊന്നില്‍ പഞ്ചാര ചാലിച്ചവനൊരു ദിനം
ഒരു കാണ്ടാമൃഗത്തെയുള്ളിലാക്കി വാതിലടച്ചപ്പഴാണ്
നഖക്ഷതങ്ങളില്‍ക്കിനിഞ്ഞ ചോര മണംപിടിച്ച്
പടിവാതില് കടന്നോര്‍ക്കെല്ലാം പിന്നെയവളൊരു പൂവാകയായി
മഴപെയ്ത വഴികളില്‍ പുതുനാമ്പുകള്‍ കാണുമ്പോഴാണ്
അമ്മായിയുടെ ഹൃദയം പെയ്യാന്‍ തുടങ്ങാറ് ..
കാറ്റ് വലിച്ചിഴച്ചു കൊണ്ട് പോകുന്ന
കരിമേഘക്കീറുപോലെ
ചത്തുമലച്ച ഒരു പാട് ജീവബിന്ദുക്കള്‍
എവിടെ നിന്നെന്നില്ലാതെ അലമുറയിടുന്നുണ്ടെന്നു
തിരിച്ചറിയുന്നത്‌ അപ്പോഴാണ്‌...

മഴ



ആകാശമിട്ടായികള്‍ക്ക് മധുരം പോരാതായി -
തുടങ്ങുമ്പോഴാണ്
മഴയ്ക്ക്‌
ചീറ്റലും തുമ്മലും തുടങ്ങാന്‍ തുടങ്ങുന്നത് ....

അനാഥന്‍




ചങ്ങലയ്ക്ക് ഭ്രാന്തു പിടിച്ചാലോ ,ന്ന്
കേട്ടിട്ടേയുള്ളൂ
കണ്ടതിന്നാണ്
മമ്മദ്ക്കാന്‍റെ ചായക്കടയ്ക്ക് മുന്നിലൂടെ,
കുമാരേട്ടന്‍റെ 'വേലായുധം' സലൂണിനു പിന്നിലൂടെ
വെയില് വയല്‍മണ്ണില്‍ വരച്ച
വരണ്ട ഭൂപടങ്ങളിലൂടെ,
ചീഞ്ഞളിഞ്ഞ സ്വപ്നക്കൂടാരങ്ങളിലൂടെ
ഓടിയോടി നടക്കുന്നു ..
ഉടമസ്ഥനില്ലാത്ത ഒരു ചങ്ങല..

അഴിച്ചു വിട്ടതാരെന്നറിയാതെ
ചെകുത്താന്‍റെ പണിപ്പുരകള്‍ തേടി
പനിച്ചു നടക്കുന്നു..

പകലത്തും നിലവത്തും
പിറുപിറുപ്പോടെ
കടലെടുത്ത മനസ്സുകളിലേക്ക്
ചിരി കിലുക്കുന്നു ...

ആഴിയിടങ്ങളില്‍ച്ചെന്നു
പറയാത്ത പറച്ചിലുകളെ
കടലിറക്കുന്നു..

വഴിതേടി
മൊഴിമൂടി
നിഴലോളംനീങ്ങി-
പ്പിന്‍വാങ്ങുന്നു....

ആളിറങ്ങാനുണ്ട്





വറ്റിപ്പോയ ഒരു ലാവത്തുണ്ടിന്‍റെ
ജ്യോഗ്രഫി പഠിക്കുമ്പോഴാണ്‌
നിന്‍റെ കവിത ആര്‍ത്തലച്ച് വരുന്നത് കണ്ടത്


പഠിച്ചു പഠിച്ച് മറവി പറ്റിയ പാഠങ്ങള്‍
നാവിനടിയില്‍ പലകുറി ചേര്‍ത്തു വെച്ച്,
നക്ഷത്ര വേഗങ്ങളുടെ കയ്യും കണക്കും തേടി
വരികള്‍ക്കിടയിലൊരു
പുഴ നനയുന്നുണ്ടായിരുന്നു .
ചിതവേരറ്റ ആത്മമുകുളങ്ങള്‍
അളകശിഖരികളില്‍ വേനല്‍ നോല്‍ക്കുന്നുണ്ടായിരുന്നു.
മഴപ്പാളികള്‍ മിഴികളില്‍ ഇടമുറിയാതൊരു
തുലാവര്‍ഷം വരച്ചു വെക്കുന്നുണ്ടായിരുന്നു
എത്രയോ മധുരം കിനിഞ്ഞോരധരദലങ്ങളില്‍
മുള്‍വേര് പടരുന്നുണ്ടായിരുന്നു
ഇരുതല മൂര്‍ച്ചകളില്‍ നടുമുറിഞ്ഞും
മുറി നിറഞ്ഞും
ജന്മാന്തരങ്ങള്‍ ഒളിച്ചു കളിക്കുന്നുണ്ടായിരുന്നു

പരിമാണസൂത്രവാക്യങ്ങള്‍
ഭൂതക്കണ്ണാടി വെച്ച്
സൂക്ഷ്മമായി കൂട്ടിക്കിഴിച്ച്
അഭയം കൊടുത്തു ഞാനൊരു
മുത്തുച്ചിപ്പിക്കുള്ളില്‍...
ഇപ്പോള്‍;
എന്‍റെയൊഴിവുനേരങ്ങള്‍ക്ക് നിറം പിടിപ്പിച്ച്
എന്റെയസ്ഥിത്വത്തിന്‍റെയാവിഷ്കര ണങ്ങള്‍
മുഖ സ്തുതികളില്‍ മുഴുപ്പിച്ച്
മനം മടുത്ത നിന്‍റെ കവിത
"ആളിറങ്ങാനുണ്ടെ"ന്ന് കരയുന്നുണ്ട്.
ആത്മഹത്യാഭീഷണി മുഴക്കുന്നുണ്ട്,,!!!

ഒരു കൊച്ചു വൈകുന്നേരക്കാഴ്ച ..@kozhikode beach Thursday, December 6, 2012




തിരുത്താനാവാത്ത
ഒരു കവിത..
മുന്നിലൂടെ
നാല് വയസ്സിന്‍റെ കുഞ്ഞുടുപ്പില്‍
ചളി പുരട്ടാതെ
വീല്‍ ചെയറിന് കൂട്ട് പോവുന്നു ....
അക്ഷരങ്ങളുടെ പ്രാക്ക്..

കണ്ണില്‍ അസ്തമനസൂര്യന്‍റെ നിഴല്‍
ഘനീഭവിച്ച് ഉരുണ്ടുകൂടുന്നു..

ഏകാന്തവാസത്തിന്‍റെ പതിനൊന്നാം മാസത്തിലേക്ക് കടന്നുവന്നവള്‍ക്ക്





വസന്തം യാത്ര നിര്‍ത്തി വെച്ച
ഒരു കാലഖനിയിലേയ്ക്കാണ് നീ വന്നുറഞ്ഞു പോയത് ..
പുഞ്ചിരി മറന്ന പൂക്കളില്‍ തേന്‍ കോരിയൊഴിച്ച്
പാടാന്‍ മറന്ന കുയില്‍ക്കൂട്ടങ്ങള്‍ക്ക് പുതുപല്ലവി പകര്‍ന്ന്

ചത്തു മലച്ച എന്‍റെ അക്ഷരക്കൂട്ടങ്ങളിലേയ്ക്ക്
മൃത സഞ്ജീവനിയുടെ തരിളിലയായി നീ..

പ്രണയം ;ഉണങ്ങിപ്പോയ മരമായിരുന്നെങ്കിലും
നനവ്‌ കാണാത്ത ഒരു മുള
മഴ കാത്തിരിപ്പുണ്ടായിരുന്നെന്നു ഞാനറിഞ്ഞത്
നീ വന്നു വാതില്ക്കാല്‍ മുട്ടിയപ്പോഴാണ്‌ ..
വേനല്‍വെയില് പോലെ എന്തോ
നിന്‍റെയുടലിന്‍റെ ഭൂരേഖയില്‍ കത്തിപ്പടരുന്നുണ്ടായിരുന്നു ..
അന്ന് നഗരം മഴവാതില്ക്കല്‍ കുട പിടിച്ചുറങ്ങിയ
സാന്ധ്യ ശിഖരികളിലേയ്ക്ക് ചേക്കേറിത്തുടങ്ങിയത്
കിനാവിലെന്നോ പൂത്തുലഞ്ഞ ഒരു തുടം കുടമുല്ലപ്പൂക്കള്‍...
നനഞ്ഞ നിലാവുരുക്കിയൊഴിച്ച് നിന്നെയെന്നിലേക്ക്
ചേര്‍ത്തു വെയ്ക്കുമ്പോള്‍ പതിനൊന്നാം മാസത്തിലെ
എന്‍റെ ഏകാന്തചന്ദ്രന്‍ പുഞ്ചിരിക്കുന്നത്രേ!!!!!!

ഓട്ടക്കലം



പൊളിഞ്ഞ അടിഭാഗത്തൂടിറ്റുന്നുണ്ട്
അവശേഷിപ്പുകളുടെ സന്ദിഗ്ധത
വെന്തു കുരുത്ത മണ്‍തുണ്ടിന്‍റെ മൂര്‍ച്ച
വാക്കുകളുടെ വക്കില്‍ ചോര പൊടിപ്പിക്കുന്നുണ്ട്

എങ്കിലും കാണാമല്ലോ

ഇതിലൂടെ നോക്കിയാലാകാശം ..
നിന്‍റെയുമെന്‍റെയുമൊരുമിച്ചൊന്നായി...!!!

രാമനും രമണനും കണ്ടുമുട്ടിയതെന്തിന്?-എക്സ്ക്ലൂസീവ്





ചരിത്രം ചിതലുകള്‍ക്ക് തിന്നാന്‍ കൊടുത്ത
ഒരു ഓലപ്പുരയുടെ മുറ്റത്ത് വെച്ചാണ്
രാമനും രമണനും കണ്ടു മുട്ടിയത്‌
ഹനുമാന്‍ ,പുല്ലാങ്കുഴല്‍ തുടങ്ങിയ
സംഭവങ്ങളൊന്നും കൂടെ ഉണ്ടായിരുന്നില്ല
പെണ്ണിനെ വിട്ടവനും പെണ്ണ് വിട്ടവനും

കൈ കോര്‍ത്തങ്ങനെ നടന്നു
പ്രപഞ്ചത്തില്‍ പെണ്ണുങ്ങളില്ലാത്തിടം തേടി
"ന്നാലും ന്റെ രാമാ ....
എട്ടിന്റെ പണ്യല്ലേ ഓള് തന്നത്..."
"ഇങ്ങള് സങ്കടപ്പെടല്ലീന്ന്...
ഒക്കെ ശര്യാവും ..."
പകല്‍ ഇരവിന് കുട പിടിക്കുന്നിടത്തു
ഭാണ്ഡമിറക്കുന്നു,രാമനും രമണനും
കണ്ണീരിലെല്ലാ കടവുമലിയിച്ച്
മിഴി പൂട്ടാന്‍ തുടങ്ങുന്നേരം ..
രണ്ടു റൌണ്ട് ഡി.ടി .എസ് ചെവി തുളയ്ക്കുന്നു ..
ഠേ ഠേ ഠേ!!!!!!!!!!
മുന്പിലെന്തോ വന്നു വീണല്ലോ ...!!!!!
അയ്യോ ..
മേലാകെയൊരു തെച്ചിപ്പൂന്തോപ്പ്..
ചേതനയറ്റൊരാറുവയസ്സ്...
ഓടി വരുന്നലമുറയിട്ട് ,നൂല്‍ബന്ധമില്ലാതെ
പതിനേഴിലൊരു റോസാപ്പൂ ;
പിന്നില്‍ ,പൊട്ടിച്ചിരിച്ചൊരുപാട് മുള്ളുകള്‍ ..
ചുറ്റുംനോക്കുമ്പോള്‍ കാണുന്നു...
മതം മാന്തിക്കീറിയ മേല്ക്കുപ്പായങ്ങളില്‍
മനം വെന്ത കരച്ചിലുകള്‍ ,
തോക്ക് തുളച്ച നെറ്റിത്തടത്തിലേക്ക് നോക്കി
കോങ്കണ്ണിച്ച് ഉണരാതുറക്കങ്ങള്‍
ഒരു നൊടി ഞെട്ടിയെണീക്കുന്നു രമണന്‍ ..
കൈപിടിച്ചോടുന്നു രാമന്റെ ;
വീണ്ടും ചരിത്ര ത്തിന്റെ മറ
യിലേയ്ക്കു കുതിയ്ക്കുന്നു ...

പടവുകളൊരുപാടുണ്ടിനിയും രാമാ ..
പരിഭവിച്ചിട്ടെന്തു കാര്യം ????
പകല്‍ നിലാവ് തേടി നടന്നു
ഇനിയും വയ്യ വെറുതേ വെറുതേ .....

പ്രണയവാലന്‍ പല്ലികള്‍



അമ്മേ,


കുളിക്കുമ്പം കറുകറെക്കവിളത്തു മറുകുള്ള
മുറിവാലന്‍ കരിമ്പല്ലിക്കൂര്‍ത്തെന്നെ നോക്കുന്നു.
വിരിയിട്ട നമ്മുടെക്കിഴക്കേലെ ജാലകം
വഴിയെന്‍റെ പൂക്കളെക്കരിങ്കണ്ണു കുത്തുന്നു
പഠിക്കുവാന്‍ പിരണ്ടു ഞാന്‍ പുലരുമ്പോഴിരിക്കുമ്പോ
ചുവരിന്‍റെ വരിമേലെ ചിലച്ചുംകൊണ്ടോടുന്നു !!
തെളുതെളെ തിളങ്ങുന്ന മിനുമിന്നാമിനുങ്ങിനെ
നെടുനീളന്‍നാക്കിന്‍റെയറ്റത്തായുരയ്ക്കുന്നു!!
അരിശത്താല്‍പുകഞ്ഞു ഞാന്‍ ചൂലെടുത്തെത്തുമ്പോ
കളിയാക്കിച്ചിരിച്ചുംകൊണ്ടുത്തരം താങ്ങുന്നു!!!
ഉറങ്ങി ഞാന്‍ കിടക്കുമ്പോ തുടിക്കുന്ന മാറത്ത്
തെരുതെരെച്ചിലച്ചുംകൊണ്ടറബനമുട്ടുന്നു !!
ഭഗവാനെത്തൊഴുതുഞാന്‍ നടക്കല്ലൊന്നിറങ്ങുമ്പോള്‍
അരയാലിലിരുന്നെന്നെ ചിലുചിലെ വിളിക്കുന്നു !!!
തനിച്ചെന്നെയിവിടെയിട്ടൊരിടത്തും പോവല്ലമ്മേ
മദിക്കുന്നു ,മച്ചിന്മേലോരായിരം പല്ലികള്‍ ....

ഋതു




..മഴ ,വേനല്‍ എന്നിങ്ങനെ
വരയന്‍ പമ്പരങ്ങള്‍ക്കിടയില്‍ -
ത്തിരിഞ്ഞ് കെട്ടിപ്പിണഞ്ഞ്
വീണ്ടുംപരസ്പരമണയാന്‍ വെമ്പുന്നു ;
നമ്മള്‍ നമ്മിലേയ്ക്കെന്ന പോലെ .....

സ്ലോമോഷനില്‍ കടന്നുവരുന്ന സമയങ്ങള്‍




തലച്ചോറിനുള്ളിലേയ്ക്ക് ചൂളംവിളി..
എന്‍റെ അവസാന അഞ്ചുമിനിറ്
റ്പരിശുദ്ധ കാത്തിരിപ്പിന്‍റെ
ചെവിക്കല്ല് പൊട്ടിക്കുന്നു..
വരേണ്ടതിനെക്കാത്ത്
ക്ഷമയുടെ അറ്റത്തിന്‍റെയറ്റം..

നീലയുടുപ്പിട്ട കാപ്പികള്‍ ,ചായകള്‍
പോയവണ്ടിക്ക് പ്രാക്കുന്ന
ഓഫീസുകാരന്മാര്‍ /കാരികള്‍
പെട്ടിക്കൂട്ടങ്ങള്‍ക്കിടയില്‍
വാച്ചിനെ വെറിപിടിപ്പിച്ചുലാത്തലുകള്‍

ചത്ത ഡിസ്പോസിബിള്‍ ഗ്ലാസ്സുകളില്‍
കാക്കകളുടെ ഗ്രൂപ്പുകളി
പ്ലാറ്റ്ഫോംപെങ്കൊച്ചുങ്ങളെ
കണ്ണുകൊണ്ട് ബലാല്‍സംഗിക്കുന്ന
അലവലാതി ഷാജിമാര്‍
പാളത്തിന്‍റെയുടല്‍ വളവുകളില്‍
മണത്തുമണത്ത് കന്നിമാസപ്പട്ടികള്‍

ഹൊ..അവസാനത്തെ അഞ്ചു മിനിറ്റ്..
കാലം തെറ്റിപ്പോലും പെയ്യാത്ത മഴ പോലെ ..

ശലഭച്ചിറകുകളില്‍ ഡീകോഡ്‌ ചെയ്യാന്‍ പറ്റാവുന്ന ചിലത്




നിശാശലഭങ്ങള്‍ ചിറകുണക്കുന്നത്
നിലയില്ലാതെ മുങ്ങി
ആത്മാഹുതി ചെയ്ത
ആഗ്രഹങ്ങളുടെ മണല്‍ക്കാറ്റിലാണെന്ന്
മങ്ങിയ ഒരു പഴങ്കഥക്കെട്ട്..

നിയോണ്‍ ലാമ്പിന്‍റെ
പീതധൂളികളില്‍ നിന്ന്
പുറത്തേയ്ക്ക് പറന്നത്
പണ്ട് മുടി നിറയെ പൂക്കള്‍ ചൂടി
കുണുങ്ങിക്കുണുങ്ങി നടന്നിരുന്ന
ഒരു പെണ്‍കുട്ടിയാവണം..
മുറ്റത്തെ മുല്ലച്ചോട്ടിലാണ് അതിന്‍റെയിടം.

നോക്കൂ ,
ആധിയാവോളം കണ്ണിലുള്ള ഈ കറുമ്പന്‍ ശലഭം
ഏതോ കോണ്‍സെന്‍ട്രേഷന്‍ക്യാമ്പില്‍ നിന്നും
ഒളിച്ചോടിപ്പോന്നതായിക്കൂടെ??

മഴ നനഞ്ഞു കൂമ്പിയ ചോക്ലേറ്റ് പൂവെന്നപോലെ
പതുങ്ങിയിരിക്കുന്ന ഈ കാപ്പിക്കളറുകാരന്‍
തെരഞ്ഞെടുപ്പില്‍ തോറ്റവന്‍ തന്നെ !!

പഞ്ഞിക്കെട്ടുപോലെ
കനത്ത ചിറകുള്ള
ഈ "വെള്ള"ക്കാരന്‍
ഏതോ പരിശുദ്ധ പള്ളീലച്ചനാവും !!!

പല്ലിയോടു പൊരുതിജയിച്ച് ഇറങ്ങിവരുന്ന
ഈ തടിയന്‍ യോദ്ധാശലഭം
കൊട്ടേഷന്‍ നേതാവായിരുന്നിരിക്കണം !!

ചിറകരികുകളിലെ കിന്നരിത്തൊങ്ങലില്‍
ഡീകോഡ് ചെയ്യാനാവാത്ത വിധം
മന്ത്രാക്ഷരികളാലേഖനം ചെയ്ത
കുറുമ്പന്‍ ശലഭമൊന്നു മാത്രം
ഇരുട്ടിലേക്ക് നോക്കി
കണ്ണിമയ്ക്കാതെ
സ്വപ്നം കാണുന്നുണ്ട് ;

ഒരു പകല്‍പ്പച്ച .

കാക്കപുരാണം !!!!!!!!!


എന്‍റെ കാക്കേ...!!!!!!!!!
നീയെന്തു പൊട്ടനാ ...!!!!!
ഈ തെങ്ങോലത്തുമ്പില്‍ ഇട്ടു ഉരച്ചാല്‍ എങ്ങനാ കൊക്കിന്റെ മൂര്‍ച്ച കൂടുന്നേ ..!!!
മണ്ടന്‍ കാക്ക !!! ഹഹഹഹഹ !!!!!
"ക്രീ..... ക്രീ..... ക്രീ..... "
ന്‍റെ ഭഗവതീ.. എന്തായീ കുരുത്തം കെട്ട ഒച്ചപ്പാട് ...
നോക്കുമ്പോ അപ്പറത്ത് അപ്പുനായരുടെ പറമ്പില്‍ന്നു റോഡ്‌ ക്രോസ് ചെയ്തു അന്തസ്സായി പറന്നു വരുന്നു ഒരു മഞ്ഞക്കരുപ്പന്‍
താഴെ മുറ്റത്ത്‌ കൃഷ്ണക്രാന്തി യുടെ ചോട്ടിലിരുന്ന ചെമ്പോത്ത് ഞെട്ടിത്തരിച്ചു മേലോട്ട് നോക്കി . അപ്പറത്തെ ഇടവഴീല് ഇലക്ട്രിക് ലയ്ന്‍ ന്‍റെ മേലെ ഇരുന്ന രണ്ടു പൊന്മാന്‍ ദമ്പതിമാര്‍ ദൂരേയ്ക്ക് പറന്നു പോയി.
ആകാശത്തേക്ക് നോക്കിയപ്പോ ടവര്‍ ലയ്ന്‍ ന്‍റെ മേലെ ഒരു കാക്കക്കുയില് ഒറ്റക്കിരുന്നു വാന നിരീക്ഷണം നടത്തുന്നുണ്ട് .
അച്ഛന്‍ എപ്പഴും വെട്ടിക്കളയണം ന്നു പറയാറുള്ള ,കിണറിനടുത്തുള്ള, പേരറിയാ മരത്തിന്റെ മേലെ മൂന്നാല് പനംതത്തകള്‍ കലപില കൂട്ടിക്കൊണ്ടിരിക്കുന്നു.
പോരാത്തേന് രാവിലെതന്നെ കുളിചൊരുങ്ങി ഒരു സുന്ദരി മഞ്ഞക്കിളി ഗമയില്‍ ഇരിക്കുന്നുണ്ട് .
എന്താ ഒരു (അഹം) ഭാവം!!!!
പെട്ടെന്നൊരു ശബ്ദം.."ഡോയ്"
താഴെ റോഡില്‍ നിന്നാണ്.
നോക്കിയപ്പോ ധനേഷും രമ്യ ചേച്ചിയും അനുവും കൂടി അമ്പലത്തില്‍ പോവുന്നു.
പണ്ട് ഞങ്ങള്‍ എല്ലാരും കൂടി എന്നും പോവാറുണ്ടായിരുന്നു അമ്പലത്തില്‍...
ശീലങ്ങളൊക്കെ ശീലക്കേടുകളായി മാറുന്നത് മുതിര്‍ന്നു വരുമ്പോഴാണല്ലോ... ദൈവം എല്ലായിടത്തും ഉണ്ടല്ലോ എന്നോര്‍ത്ത് തുടര്‍ച്ചയായി സമാധാനിക്കുകയും
ഓണത്തിനും സംക്രാന്തിക്കും മാത്രം അമ്പലം കാണാന്‍ പോവുകേം ചെയ്യുന്ന ശീലം മാറ്റാനെ പറ്റണില്ല ഇപ്പൊ .

'ഇവളേതാ.. ??? നേരെയിങ്ങു കേറി വന്നു കണ്ട കാക്കെനേം പൂചെനേം പറ്റി പറയണൂ" എന്നല്ലേ ആലോചിക്കണേ..?
അങ്ങനൊന്നും ഇല്ല്യാ,ട്ടോ...
നമ്മളൊരു പാവം കോഴിക്കോട്ടുകാരി .. ഈ വഴി പോയപ്പോ ,ഇവിടെ കൊറേ പുലികളെയൊക്കെ കണ്ടപ്പോ നല്ല രസം തോന്നി . പണ്ട് മുതല്‍ക്കേ പുലികളെ വല്ല്യ ഇഷ്ടാന്നേ.... .
ഇന്‍ട്രോ കഴിഞ്ഞു .ഇനി ഫസ്റ്റ് സീന്‍ ലേക്ക് വീണ്ടും ഒന്ന് കഴുത്തൊടിച്ചു നോക്കാം .
രാവിലെ അത്യുല്‍സാഹത്തോടെ എണീറ്റ് പഠിക്കാനിരുന്ന അതി കര്‍മ്മനിരതയായ ഒരു എകാഗ്ര മനസ്കയുടെ കണ്ണിലൂടെ കടന്നു പോയ പ്രകൃതിയുടെ മനോഹരവിലാസങ്ങലാണ് നമ്മള്‍ അവിടെ കണ്ടത് ..!!
പടച്ചോനെ ഇത്രത്തോളം ജന്തുജാലങ്ങള്‍ എന്റെ പരംബിലുണ്ടായിരുന്നോ എന്ന് ചിന്തിച്ചു പോവുന്നത് ബുക്ക് തുറന്നു സൈറൌടില്‍ ഇരിക്കുമ്പോഴാണ്.
+2 നു പഠിക്കുമ്പോ ജ്യോത്സ്ന മിസ്സ് പറഞ്ഞ 'പരിസരം എപ്പഴും നിരീക്ഷിക്കണം ' എന്ന പാഠം പ്രാവര്ത്തികമാക്കപെടുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്.
തെങ്ങാക്കൊലകള്‍ ഇളം കാറ്റില്‍ ആടുന്നുണ്ടോ ന്നും തെക്ക് ഭാഗത്തുള്ള പ്ലാവിലെ ചക്ക പഴുത്തിട്ടുണ്ടോന്നും ഒക്കെ വല്ലാത്ത ഒരു ആക്രാന്തത്തോടെ നോക്കിപോവും.!!!!
കണ്ണ് എടുക്കാനേ തോന്നില്ല..
( എടുത്ത കണ്ണ് പ്രതിഷ്ടിക്കേണ്ടത് ബുക്കില്‍ കോലം കേട്ട് ചിരിചോണ്ടിരിക്കുന്ന സര്‍ക്യൂട്ട് കളുടെ മുഖത്തേക് ആണല്ലോ ന്നോര്‍ക്കുമ്പോ പ്രത്യേകിച്ചും!!!!! )
അങ്ങനെ മുന്നിലൊരു ബുക്കും വെച്ച് പ്രകൃതിഭംഗി ആസ്വദിചോണ്ട് ഇരിക്കുമ്പോ ആണ് അവനെ കണ്ടത്..
നല്ല കറുത്തു, നല്ല ലക്ഷണം കെട്ട ഒരു കാക്ക.
കൊറേ നേരമായി അത് അവിടെത്തന്നെ ഉണ്ടായിരുന്നിരിക്കണം
കുറ്റിയടിച്ച് ഇരിപ്പാണ്.
പാവം.. വിശന്നിട്ടാവും..
പണ്ടുമുതലേ ഇത്യാദി ജന്തുക്കളോട് ഭയങ്കര ദീനാനുകമ്പ കാണിച്ചു വന്നിട്ടുള്ളതുകൊണ്ട് ഇമ്മാതിരി സംഭവങ്ങള്‍ വീട്ടില്‍ ധാരാളമായി പറന്നു വരുന്ന സമയത്ത് അമ്മ എന്നെ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്..
"കണ്ണ് തെറ്റിയാല്‍ മനുഷ്യര്‍ക്ക്‌ തിന്നാനുള്ളതൊക്കെ എടുത്തു പട്ടിക്കും പൂച്ചക്കും കൊടുക്കും" എന്നാണു സ്ഥിരം പരാതി. ആ പരാതിക്ക് ഒരു കോട്ടവും വരുത്താതെ ഇത് വരെ സംരക്ഷിച്ചു പോന്നിട്ടുണ്ട് ഞാന്‍
എന്തായാലും വേണ്ടില്ല . അതിന്‍റെ വിശപ്പ്‌ മാറ്റിയിട്ടു തന്നെ കാര്യം .
.സന്തോഷിപ്പിച്ചു വിട്ടു കളയാം. ഇനിയിപ്പം മുതുമുത്തച്ഛന്‍മാര്‍ ആരെങ്കിലും എന്നെ പരീക്ഷിക്കാന്‍ പ്രച്ഛന്ന വെഷോം കെട്ടി ഇറങ്ങിയതാണെലോ .. ??
ചുളുവിനു കിട്ടും, കൊറേ അനുഗ്രഹം...
അങ്ങനെ ആലോചിച് സ്വയം ധന്യയായി ഞാന്‍ താഴേക്കിറങ്ങി.
അടുക്കള രാജ്യത്ത് പ്രവേശിച്ചു. അമ്മ റാണി ചപ്പാത്തി ചുട്ടു കഴിഞ്ഞിട്ടുണ്ട്. നല്ലോണം വിശക്കുന്നുണ്ട്.. ന്നാലും വേണ്ടില്ല.
ആദ്യം ജന്തുജാലങ്ങളുടെ വിശപ്പ്‌ മാറട്ടെ എന്നിങ്ങനെ വിശാലമനസ്കയായിക്കൊണ്ട് ഞാന്‍ പ്ലേറ്റ്ല്‍ നാല് ചപ്പാത്തിയും എടുത്തോണ്ട് മുകളിലോട്ടു പോയി. സിററൗട്ടിന്റെ ടെ സൈഡ് ല്‍ വെച്ചു.
അപ്പോഴേക്കും ഫോണ്‍ പാടുന്നു .
നേരെ എടുത്തു കത്തി വെച്ചു ഒരു കൊലപാതകം ഒക്കെ കഴിഞ്ഞു തിരിച്ചു വന്നപ്പോ പ്ലേറ്റ് കാലി..!!!!
അമ്പട കാക്കേ!!!! ഞാന്‍ തരുന്നതിനു മുന്‍പേ എല്ലാം എടുത്തോണ്ട് പോയോ . ..?
ഫോണും ബുക്കും എല്ലാം എടുത്തു ഞാന്‍ താഴേക്കിറങ്ങി . അടുക്കളയില്‍ ചെന്ന് നോക്കിയപ്പോള്‍ സ്ഥിതി അതി ദയനീയം .. . അവസാനത്തെ ചപ്പാത്തിയും എടുത്തു വിഴുങ്ങുന്നു പുന്നാര അനിയന്‍ ...... പോരാത്തേന് മൂപ്പരുടെ വക ഒരു ഡയലോഗും
"ഞാന മോളിലേക്ക് വന്നപ്പോ നീ ഫോണിലായിരുന്നു ,കാക്ക കൊത്തിപ്പോവണ്ടാന്നു വിചാരിച് ആ ചപ്പാത്തി ഞാനിങ്ങെടുത്തു കേട്ടോ "
ന്നാലും ന്‍റെ കാക്കേ......!!!!!!!!!!

ആരവങ്ങള്‍ക്കിടയില്‍ മറന്നുവച്ചേക്കാവുന്നത്


 ട്രെയിന്‍ വരാന്‍ ഇനിയും അരമണിക്കൂര്‍ കാത്തിരിക്കണമെന്ന അറിയിപ്പു വന്നപ്പോള്‍ സാധാരണ എപ്പോഴും ഉണ്ടാവാറുണ്ടായിരുന്നതുപോലെ ആരോടോ തോന്നുന്ന ദേഷ്യമോ ക്ഷമകേടിന്റെ ദീര്‍ഘനിശ്വാസമോ ഒന്നും ഉണ്ടായില്ല. ഏതാനും മണിക്കൂറുകള്‍കൊണ്ടു മാത്രം ഇത്രയും പക്വത കൈവന്നോ എന്നു ഞാന്‍ സ്വയം അത്ഭുതപ്പെട്ടു. കാണുന്ന ഓരോ കാഴ്ചകളും കേള്‍ക്കുന്ന ഓരോ ശബ്ദങ്ങളും -അത് അത്യന്തം വിരസമായിരുന്നാല്‍പ്പോലും- എന്നെയിപ്പോള്‍ അലോസരപ്പെടുത്തുന്നേയില്ല എന്നു ഞാന്‍ സ്വയം നിരീക്ഷിച്ചു. പ്ലാറ്റ്‌ഫോമില്‍ തമ്പടിച്ചിരിക്കുന്ന നാടോടിക്കൂട്ടത്തിന്റെ ബഹളമല്ലാതെ കാര്യമായിട്ടൊന്നും അവിടെ ശ്രദ്ധിക്കാന്‍ തക്കവിധം ഉണ്ടായിരുന്നില്ല. വൃത്തിയില്ലാതെ മൂക്കളയൊലിപ്പിച്ച് ഉടുതുണിയില്ലാത്ത ഒരു രണ്ടുവയസ്സുകാരന്‍ ചെക്കന്‍ , മഴ പെയ്തു കെട്ടിക്കിടക്കുന്ന പ്ലാറ്റ്‌ഫോമിലെ വെള്ളത്തില്‍ കൈകൊണ്ടടിച്ച് രസിക്കുന്നുണ്ടായിരുന്നു. തൊട്ടടുത്ത് ഒരു നാടോടിപ്പെണ്ണ്, അവന്റെ ഒരു അര വയസ്സിലെ കാര്‍ബണ്‍കോപ്പിക്ക് മുലകൊടുക്കുന്നുണ്ടായിരുന്നു. അവളുടെ ശോഷിച്ച്, കറുത്ത മുലയില്‍ ചപ്പിച്ചപ്പി ആര്‍ത്തിയോടെ ചുണ്ടമര്‍ത്തുന്ന ഇത്തിരിക്കോലം. തൊട്ടപ്പുറത്ത് നെറുകയില്‍ ഇത്തിരി മുടി റബ്ബര്‍ബാന്‍ഡിട്ട് കെട്ടി ഒരു അഞ്ചുവയസ്സുകാരി ഒരിലപ്പൊതിയിലെ ഇത്തിരിച്ചോറില്‍ കയ്യിട്ട് കുഴയ്ക്കുന്നു. ഇടയ്‌ക്കൊക്കെ വെള്ളത്തിലടിച്ച് രസിക്കുന്ന ചെറുക്കന് ഊട്ടിക്കൊടുക്കുന്നു.

ഞാനും ഊട്ടിക്കൊടുത്തിട്ടുണ്ട് ഇങ്ങനെ, എന്റെ അനിയന്മാര്‍ക്ക്. രണ്ടും കുസൃതികളായിരുന്നു ചെറുപ്പത്തില്‍. കൈകടിച്ച് മുറിച്ചിട്ടുണ്ട് ചിലപ്പോഴൊക്കെ.എനിക്കും ഊട്ടിത്തരാറുണ്ടായിരുന്നു, അമ്മ ഇപ്പഴും. പരീക്ഷച്ചൂടില്‍ കഴിക്കാന്‍പോലും സമയമില്ലാത്തപ്പോഴും അസൈന്‍മെന്റ്‌സിന്റെ ഇടയില്‍ക്കിടന്ന് വിശപ്പു മറക്കുമ്പോഴുമൊക്കെ വാരിത്തരുന്നത് അമ്മയാണ്. എത്ര മതിയെന്ന് പറഞ്ഞാലും മുഴുവന്‍ കഴിപ്പിച്ച് വിടുന്ന അമ്മ.

പാടില്ല.... അമ്മ, അച്ഛന്‍ സെന്റിമെന്‍സൊന്നും ഇനി പാടില്ല. ഇരുപത്തിരണ്ടാം വയസ്സിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന അഭിപ്രായസ്വാതന്ത്ര്യവും ബുദ്ധിയുമുള്ള, എല്ലാത്തിലുമുപരി നാടുവിട്ടോടിപ്പോവാന്‍ വേണ്ടി പെട്ടിയെടുത്തു വന്നിരിക്കുന്ന ഒരു പെണ്‍കുട്ടി ഒരിക്കലും ഇങ്ങനെ ചിന്തിക്കാനേ പാടില്ല. എഴുത്തുകാരിയാവുക എന്ന എന്റെ ആഗ്രഹത്തിനു പുല്ലുവിലപോലും കല്‍പിക്കാതെ തികച്ചും യാഥാസ്ഥിതികനായ ഒരു പണച്ചാക്കിനെക്കൊണ്ട് കെട്ടിച്ച് എന്നെ ഒഴിവാക്കുക എന്ന ഭീകരകൃത്യം ചെയ്യാന്‍ ശ്രമിച്ച അവരെ ശത്രുക്കളായി മാത്രേ കാണാവൂ. മറിച്ച് ചിന്തിച്ചാല്‍ ഭാവിയില്‍ എന്റെ ചിന്താധാരയില്‍ നിന്നുറവെടുക്കുന്ന മഹത്കൃത്യങ്ങള്‍ക്ക് ജന്മമേകാന്‍ വെള്ളപ്പേപ്പറുകള്‍ക്ക് ഭാഗ്യമില്ലാതെ പോവും. മലയാള സാഹിത്യശാഖയോട്, യുവതലമുറയില്‍പ്പെട്ട എന്നെപ്പോലൊരു പ്രതിബദ്ധതയുള്ള പെണ്‍കുട്ടി കാണിക്കുന്ന അനീതി.... ഹൊ! എനിക്കതാലോചിക്കാന്‍ കൂടി പറ്റില്ല.

പ്ലാറ്റ്‌ഫോമില്‍ ആരോ എറിഞ്ഞിട്ടുപോയ ഡിസ്‌പോസിബിള്‍ ഗ്ലാസില്‍ കൊത്തിവലിച്ചുകൊണ്ടിരുന്ന കാക്കകളിലൊന്ന് പറന്നെന്‍റെ തലയ്ക്ക് മുകളിലൂടെ പോയപ്പോഴാണ് ട്രെയിന്‍ വന്നത് ഞാനറിഞ്ഞത്. സര്‍ട്ടിഫിക്കറ്റുകളടങ്ങിയ ബാഗെടുത്ത് ആദ്യം തോളത്തിട്ട്, വസ്ത്രങ്ങളടങ്ങിയ ബാഗ് കയ്യില്‍ തൂക്കിപ്പിടിച്ച് വേഗം ഓടിക്കയറി. ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ സുഖം, സ്വസ്ഥം. സീറ്റ് കിട്ടിയതും വേഗം ഇരുന്നു.

ട്രെയിന്‍ പുറപ്പെടാന്‍ തുടങ്ങിയപ്പോഴാണ് ശ്രദ്ധിച്ചത്. നാടോടിപ്പെണ്ണും മൂന്നു മക്കളും ഡോറിനടുത്ത് ഇരിക്കുന്നുണ്ട്. മഞ്ഞച്ചേലയില്‍ കറുകറുത്ത ആ പെണ്ണിന്റെ രൂപം ശരിക്കും എടുത്തു കാണിച്ചു. അഞ്ചുവയസ്സുകാരി ഒരു അബാക്കസും കയ്യില്‍പ്പിടിച്ച് എണ്ണിക്കൊണ്ടിരിക്കുന്നതു കണ്ടപ്പോള്‍, കുട്ടിക്കാലം മുതല്‍ക്കേ ഞാന്‍ കാണുന്ന സ്വപ്നമാണ് മനസ്സിലേക്കോടിയെത്തിയത്. കടല്‍ത്തീരത്തിരുന്ന് തിരകളെണ്ണിക്കൊണ്ടിരിക്കുന്ന ഒരു കൊച്ചുപെണ്‍കുട്ടിയുടെ രൂപം. സായാഹ്നത്തിന്റെ പ്രഫുല്ലത മുഴുവനും ഒളിപ്പിക്കാതെ പ്രതിഫലിപ്പിക്കുന്ന പഞ്ചാരമണല്‍ത്തരിയില്‍ മുട്ടുകുത്തിയിരുന്ന് കടലിലേയ്ക്ക് നോക്കി ഏകാഗ്രതയോടെ തിരയെണ്ണിക്കൊണ്ടിരിക്കുന്ന അവളെനിക്ക് ഒരിക്കല്‍പ്പോലും മുഖം തന്നിട്ടില്ല. മറന്നുപോയ സ്വപ്നത്തുടക്കങ്ങള്‍ക്കിടയിലേക്ക് ഉത്തരം കിട്ടാത്ത സമസ്യപോലെ ഒരു സ്വപ്നപ്പെണ്‍കുട്ടി....

'എന്റമ്മേ...... !!'
ഒരു അലര്‍ച്ച തൊട്ടടുത്തുനിന്ന് എന്റെ കാതു തുളച്ചു. നേരെ നോക്കിയപ്പോള്‍ കണ്ടത് കടും റോസ് ലിപ്സ്റ്റിക്കിട്ട രണ്ടു തടിച്ച ചുണ്ടുകളും ഏകദേശം മുപ്പത്തിരണ്ടെണ്ണം വന്നേക്കാവുന്ന ഒരു സെറ്റ് പല്ലുകളുമായിരുന്നു. തൊട്ടടുത്ത് ഒരു ഭാണ്ഡക്കെട്ട് വീണു കിടക്കുന്നു. മഞ്ഞച്ചേലക്കാരിപ്പെണ്ണ് വെറ്റിലക്കറ പിടിച്ച പല്ലുകാട്ടി ഇളിച്ച് നില്‍ക്കുന്നുണ്ടായിരുന്നു. മേലെ കയറ്റാന്‍ നോക്കിയ ഭാണ്ഡം നിലതെറ്റി വീണത് അവരുടെ തലയിലേയ്ക്കായിരുന്നു.
'ബ്ലഡി ഇഡിയറ്റ്‌സ ഹൗ ഡെയര്‍ യൂ.. ഓ..മൈ.. '
ബാക്കി എന്തൊക്കെയോ കൂടി കേട്ടപ്പോ എനിക്കെന്തൊക്കെയോ കൂടി തോന്നിയതുകൊണ്ട് സൈഡിലെ വിന്‍ഡോസീറ്റിലേക്ക് മാറിയിരുന്നു. മഞ്ഞപ്പെണ്ണ് വെറുതെ ഒരു ഇളിഞ്ഞ ചിരിയും ചിരിച്ച് ഡോറിനടുത്തേയ്ക്ക് മുങ്ങി. പക്ഷേ  സ്ത്രീ  വിടാന്‍ ഭാവമില്ലായിരുന്നു. ഡോറിനടുത്തേയ്ക്ക് ചെന്ന് പിന്നെയും ചീത്തവിളിക്കാന്‍ തുടങ്ങി. അഞ്ചുവയസ്സുകാരി പെണ്‍കുട്ടി എണീറ്റത് കണ്ടതുമാത്രം ഓര്‍മ്മയുണ്ട്. കനത്ത ഇരുമ്പിന്റെ വാതിലിനപ്പുറത്തേക്ക് ഒരു കരിയിലപോലെ അവള്‍ പറന്നുപോവുന്നതും ആരൊക്കെയോ ബഹളം വെയ്ക്കുന്നതും ചങ്ങല വലിയ്ക്കുന്നതം എല്ലാം ബോധത്തോടെയല്ല ഞാന്‍ കേട്ടത്.
മഞ്ഞച്ചേല താഴെ തലകറങ്ങി വീണത് ചാടിക്കടന്ന് വേഗം ട്രെയിന്‍ നിര്‍ത്തിയിടത്തേക്കിറങ്ങി.. എന്‍റെ നാട്.. എന്‍റെ റെയില്‍വേസ്റ്റേഷന്‍, ഇറങ്ങി ഒരൊറ്റ ഓട്ടമായിരുന്നു...
വീട്ടിലേക്കുള്ള ബസ് പിടിക്കണം.

ഇപ്പോഴെനിക്കറിയാം.
കടല്‍ത്തീരത്തിരുന്ന് തിരകളെണ്ണിക്കൊണ്ടിരുന്നതാരാണെന്ന്....
അവളുടെ മുഖമെനിക്ക് കാണാം....

സത്യപാലന്‍റെ പാലമരം

സത്യപാലനെ ഭ്രാന്താശുപത്രിയിലടയ്ക്കാന്‍ ഒരു ഭൂലോകവാസിയ്ക്കും അവകാശമുണ്ടെന്ന് ഇപ്പോഴും ഞാന്‍ കരുതുന്നില്ല.എന്ന് വച്ച് എല്ലാവരുടെയും വിചാരം അങ്ങനെയാവണമെന്നും ഇല്ല.പറഞ്ഞുവരുമ്പോള്‍ നമ്മളെല്ലാം ഭ്രാന്തന്മാരാണെന്ന് പണ്ടേതോ കോന്തന്‍ പറഞ്ഞുവെച്ചിട്ടുണ്ടല്ലോ.
  കൃത്യം രണ്ടു വര്‍ഷം മുന്‍പായിരുന്നു അത് സംഭവിച്ചത് (അഥവാ സംഭാവാത്മകമായി ചിത്രീകരിക്കപ്പെട്ടത് ).അന്നൊക്കെ കടുത്ത മമ്മൂട്ടി ഫാനായിരുന്നു നമ്മുടെ സത്യപാല്‍ജി.
  അങ്ങനെ ഒരു ദിവസം നട്ടപ്പാതിരയ്ക്ക് കെട്ടിയവളെ തട്ടിവിളിച്ച് സത്യപാലന്‍ ഒരു മഹാസത്യം അങ്ങട് വെളിപ്പെടുത്തി.
 ഒരു കാരണവും ഇല്ലാതെ ആ നേരത്ത് താന്‍ ഒരു സ്വപ്നം കണ്ടിരിക്കുന്നു!
 വാലും തലയുമില്ലാതെ വെറും ബോഡി മാത്രം(പറഞ്ഞു വരുവാണെങ്കില്‍ അത് പോലും കാര്യമായിട്ടില്ലാതെ)ഉള്ള ഒരു സ്വപ്നം !

നിലവില്‍ ,സോഡാഗ്ലാസ്സും വെച്ച്,കറുത്ത് കുറുകി ഇരിക്കുന്ന താന്‍ ഒരു ആറ്-ആറരയടി പൊക്കത്തില്‍ വെളുത്തുതടിച്ച് മമ്മൂട്ടി സ്റ്റൈലില്‍ രൂപാന്തരണം പ്രാപിച്ചിരിക്കുന്നു !!!

 എത്ര മനോഹരമായ (നടക്കുക പോയിട്ട് ഒന്ന് മുടന്തുക പോലും ചെയ്യാത്ത )സ്വപ്നം അല്ലേ!!

സത്യപാലനെ കുറ്റം പറയാന്‍ നമുക്ക് അവകാശമുണ്ടോ ???
സത്യമായും ഇല്ല .

സ്വപ്നം തീര്‍ന്നില്ല ,ഇങ്ങനെയൊക്കെ സ്വപ്നം കാണിച്ചവന്‍ സ്വപ്നത്തില്‍ തന്നെ ഒരു ഒലക്കമ്മലെ കണ്ടീഷനും  വച്ചുകളഞ്ഞു !!
അത് ഇങ്ങനെയാണ്;
സത്യപാലന്‍റെ പറമ്പില്‍ പുരാതനമായ ഒരു പാലമരമുണ്ട്.ഇടവഴിയോടുചാഞ്ഞ് അതങ്ങനെ സുന്ദരമായി നില്‍ക്കുകയാണ്.
അത് വളരെ ആര്‍ഭാടപൂര്‍വ്വം സംരക്ഷിക്കണം.മാത്രമല്ല അതൊരിക്കലും വെട്ടുകയും ചെയ്യരുത്.

 അടുത്ത സീനില്‍ സത്യപാലന്‍ കണ്ടത് ഒരു സുന്ദരിക്കോത യക്ഷിപ്പെണ്ണിനെ.അവളങ്ങനെ മദാലസാവിലാസവതിയായി (പാടില്ല പാടില്ല എന്ന് കൈ കൊണ്ട് ആക്ഷന്‍ കാണിച്ചുകൊണ്ട്)
"സത്യപാലേട്ടാ വെട്ടല്ലേ ,സത്യപാലേട്ടാ വെട്ടല്ലേ " ന്നു മൊഴിഞ്ഞുകൊണ്ടിരുന്നു.സത്യപാലന് കണ്ട പാടെ അവളെ അങ്ങട് കേറി റേപ്പ് ചെയ്താലോ ന്നു വരെ തോന്നിക്കളഞ്ഞു !!(ഫെമിനിസ്റ്റുകള്‍
 ക്ഷമിക്കുക .)

"ഇല്ലെടി മോളേ..ഞാനങ്ങനെ ചെയ്യുവോടീ "ന്നും പറഞ്ഞു കൈ നീട്ടിയതും പെണ്ണുമ്പിള്ള കോരിയൊഴിച്ച വെള്ളം മുഖത്തേയ്ക്കുവീണതും ഒരുമിച്ചായിരുന്നു!!

"നട്ടപ്പാതിരയ്ക്ക് മനുഷ്യനെ വിളിച്ചുണര്‍ത്തീട്ടു പിച്ചും പേയും പറയുന്നോ ??
നിങ്ങക്കെന്താ പ്രാന്തായോ??
പോയി പണി  വല്ലതും നോക്ക് മനുഷ്യാ "

ഈ വക പുണ്യോപദേശങ്ങള്‍ ഇരു ചെവിയിലും പറ്റിപ്പിടിക്കാതെ തൂത്തുകളഞ്ഞ്‌ ,യാതൊരുളുപ്പുമില്ലാതെ പുതപ്പു വലിച്ചിട്ട് സത്യപാലന്‍ ഒന്നൂടി ഉറങ്ങി.
     അന്ന് നട്ടുച്ചയ്ക്ക് സത്യപാലന്‍ നമ്മുടെ പാലമരത്തിനടുത്തെത്തി.നോക്ക്യപ്പോഴല്ലേ രസം.സ്വപ്നത്തില്‍ കണ്ട യക്ഷിപ്പെണ്ണുണ്ട് പാലമരത്തില്‍ ചാരി നിന്ന് കയ്യും കലാശവും കാട്ടി വിളിക്കുന്നു.....!!!!
     സത്യപാലന്‍ എപ്പോപ്പോയീന്ന് ചോദിച്ചാ മതിയല്ലോ ....!!!!!
     ഒറ്റ ഓട്ടത്തിന് അവളുടെ അവളുടെ അടുത്തെത്തി കെട്ടിപ്പിടിച്ചോണ്ട് ഒറ്റ നില്‍പ്പ്.

വൈകുന്നേരം സ്കൂളീന്ന് പിള്ളാരെ പിടിച്ചോണ്ട് വരാന്‍ വേണ്ടി കണവനെത്തിരഞ്ഞ തരുണീമണിയുടെ കണ്ണ് തള്ളി ബുള്‍സൈ പോലെ ആയി !!

   പാലമരത്തെയും കെട്ടിപ്പിടിച്ച് ആലസ്യത്തില്‍ കണ്ണടച്ച് നിന്നുറങ്ങുന്നു,നമ്മുടെ കഥാനായകന്‍ !!!
നേരം കളയാതെ പോയി ചെവിപോട്ടിപ്പോകും വിധം നാലു തെറി വിളിച്ചപ്പോള്‍ മൂപ്പര് കണ്ണ് തുറന്നു.മുന്‍പില്‍ ആ  വിശ്വരൂപം കണ്ടതും തിരിഞ്ഞു ഒറ്റ ഓട്ടം ...!!!

   പിന്നെ പല ദിവസങ്ങളിലും നാട്ടുകാര്‍ കണ്ടു; പാലമരത്തെയും കെട്ടിപ്പിടിച്ചു നില്‍ക്കുന്ന സത്യപാലനെ.
അങ്ങനെ സത്യപാലനും പാലമരവും തമ്മിലുള്ള അവിശുദ്ധബന്ധം നാട്ടില്‍ പാട്ടായി .
ആ മരം വെട്ടണമെന്നും അതില്‍ പ്രേതബാധയുണ്ടെന്നും വരെ ചിലര്‍ പറഞ്ഞുനടന്നു .

പാവം സത്യപാലന്‍ !!!!

ഇന്ന് മമ്മൂട്ടിയാവും ,നാളെ മമ്മൂട്ടിയാവുംന്ന് കരുതി മൂപ്പര്‍ എന്നും പാലമരത്തെയും പാലിച്ചുനടന്നു.

നാട്ടുകാര്‍ കഴുതകള്‍ ...!അവര്‍ക്ക് ഇത് വല്ലതുമറിയാമോ..കശ്മലന്മാര്‍ ..എല്ലാവരും ചേര്‍ന്ന് ഒരു ദിവസം ആ പാലമരം അങ്ങട് വെട്ടിക്കളഞ്ഞു.

ദേഷ്യവും സങ്കടവും സഹിക്കാനാവാതെ പാവം സത്യപാലന്‍ വീട്ടീന്നിറങ്ങി ഒറ്റ ഓട്ടം .
ആ ഓട്ടം ചെന്ന് നിന്നത് ഭ്രാന്താശുപത്രിയില്‍ ആണെന്ന് മാത്രം.

ഇന്ന് സത്യപാലനെ ഡിസ്ചാര്‍ജ് ചെയ്ത ദിവസമായിരുന്നു.പാലപ്പൂമണമില്ലാത്ത പുലരികള്‍ ആണോ ആ വക സംഭവങ്ങള്‍ ഒക്കെ ഉള്ള പുലരികള്‍ ആണോ അങ്ങേര്‍ക്ക് ആശംസിക്കേണ്ടതെന്ന കണ്‍ഫ്യൂഷനിലാണ് ഞാന്‍ ഇപ്പോള്‍ .

എന്നാലും ഞാനൊന്നു ചോദിക്കട്ടെ .
സത്യമായും ,സത്യപാലനെ കുറ്റം പറയാന്‍ നമുക്കവകാശമുണ്ടോ....???